തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ സഹായവുമായി തൃശൂർ ആസ്ഥാനമായ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയുടെ സിഎസ്ആർ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്.
കഴിഞ്ഞ മന്ത്രിസഭാ യോഗദിനത്തിൽ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ കൈമാറിയിരുന്നു. അന്ന് ചെക്ക് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ജോസേട്ടന്റെ നല്ല കൈ നീട്ടമാകട്ടെയെന്ന് ആശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിക്ക് വീണ്ടും സമാനമായ സഹായം ലഭിക്കുന്നത്.
സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് ഗതാഗത മന്ത്രി സി.പി. ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തുടർന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ ചെക്ക് ഏറ്റുവാങ്ങി.
തൃശൂർ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകി. പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സിഎസ്ആർ ഫണ്ടിൽനിന്ന് തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.